Saturday, September 18, 2010

സഞ്ചി

"മുകളിലോട്ടു നോക്കിയിരിക്കാതെ  കഞ്ഞി കുടിയടാ" അമ്മയുടെ ശകാരം കേട്ടപ്പോള്‍ അവന്‍ ഒന്ന്  ഞെട്ടി, കഞ്ഞി കുടിക്കുവാന്‍ തുടങ്ങി.
പുറത്തു അടമഴ പെയ്യുന്ന കര്‍ക്കിടക്കം, പഞ്ഞക്കര്‍ക്കിടകം എന്നും പറയാറുണ്ട് , ആ ഒറ്റമുറി വീട്ടില്‍ അച്ഛനും, അമ്മയും , ചേച്ചിയും, അവനും പിന്നെ ദാരിദ്രവും! പക്ഷേ ഒരുപാടു സന്തോഷങ്ങള്‍ നിറഞ്ഞതായിരുന്നു ആ വീട്.

വീണ്ടും അവന്റെ കണ്ണുകള്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ആ തോള്‍ സഞ്ചിയിലേക്ക്  തന്നെ, ഒരു നിമിഷം കൊണ്ട് ഒരുപാടു സംഭവങ്ങള്‍ ആ പിഞ്ചുമനസ്സില്‍ മാറി മറിഞ്ഞു.
-----
ഒരു ഓണ അവധി കഴിഞ്ഞു സ്കൂള്‍ തുറന്ന ദിവസം പ്രോഗ്രസ്സ്കാര്‍ഡുമായി ക്ലാസ്സ്‌ ടീച്ചര്‍ എത്തി, കൂടെ മടക്കിപ്പിടിച്ച ഒരു സഞ്ചിയും, ടീച്ചര്‍ പേരുകള്‍ വിളിക്കുവാന്‍ തുടങ്ങി, മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഡുകള്‍ വെച്ചിരിക്കുന്നത്, എല്ലാ പേരുകളും വിളിച്ചു കഴിഞ്ഞു ഇനിയുള്ളത് ഒരു പേര് മാത്രം.
"ഇനി ആരുടേയും പെരുവിളിക്കാനില്ല! അപ്പോള്‍ സഞ്ചി എനിക്കുതന്നെ " - അവന്റെ മനസ്സ് പറഞ്ഞു "നാളെ മുതല്‍ ഞാന്‍ സഞ്ചിയില്‍ പുസ്തകങ്ങള്‍ കൊണ്ടുവരും, എന്റെ ചോറുംപാത്രം അതില്‍ ഇടും

"കൃഷ്ണന്‍കുട്ടി " - ടീച്ചര്‍ പേരുവിളിച്ചു "ഈ ഓണപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കൃഷ്ണകുട്ടിക്കു ഒള്ളത ഈ സമ്മാനം"
അവന്റെ കണ്ണുകള്‍ വിടര്‍ന്നു, മൂക്കുകള്‍ വികസിച്ചു , ഒരു ചെറിയ വിറയലോടെ അവന്‍ എണീറ്റുനിന്നു
"മുന്നോട്ടു വാടാ എല്ലാരും കാണട്ടെ നിന്നെ "
രണ്ടാമത്തെ ബഞ്ചില്‍ രണ്ടാമതായിരുന്നു അവന്റെ സ്ഥാനം, ഒരു ജാള്യതയോടെ അവന്‍ മുന്നിലേക്ക്‌ വന്നു
"എപ്പോളും ഇതുപോലെ നല്ല മാര്‍ക്ക് മേടിക്കണം " - സഞ്ചിയും പ്രോഗ്രസ്സ്കാര്‍ഡും നീട്ടികൊണ്ട് ടീച്ചര്‍ പറഞ്ഞു
"ഉം.." - അവന്‍ തലയാട്ടി
"എന്നാ പോയിരുന്നോ "
ടീച്ചര്‍ ക്ലാസ്സ്‌ എടുക്കാന്‍ തുടങ്ങി, പക്ഷേ അവന്റെ ശ്രദ്ധ  മുഴുവനും ആ സഞ്ചിയില്‍ തന്നെ ആയിരുന്നു, ഇന്നു വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മയെ കാണിക്കണം, സ്കൂള്‍ വിടുമ്പോള്‍ ചേച്ചിയെ കാണിക്കണം!!
ബെല്ലടിച്ചു ടീച്ചര്‍ ക്ലാസ്സ്‌ നിര്‍ത്തി, ഇന്റെര്‍വല്‍ ആണ് .
"എടാ നിന്റെ സഞ്ചി കാണിച്ചേ?" സാബുന്റെ ആ ചോദ്യം കേട്ടപ്പോള്‍  അവനു നീരസം തോന്നി, അവന്റെ അച്ഛന്‍ ഗള്‍ഫീന്ന് കൊണ്ടുവന്ന പെന്‍സില്‍  എടുത്തതിനു എന്നോട്  വഴക്കുണ്ടാക്കിയവനാ അവന്‍
"പോ, ഞാന്‍ കാണിക്കത്തില്ല " അവന്‍ സഞ്ചിയില്‍ മുറുകെപ്പിടിച്ചുകൊണ്ട്  പറഞ്ഞു
"അയ്യേ ഇതു കൊള്ളത്തില്ല, പെട്ടന്ന് കീറിപ്പോകും  "
"അങ്ങനൊന്നും കീറിപ്പോകത്തില്ല, ഇതു നല്ല സഞ്ചിയാ " - അവന്‍ പുറം തിരിഞ്ഞിരുന്നു ,
"ഒന്ന് കാണിച്ചേടാ  " - സാബു കെഞ്ചി
"നീ പോ, എന്നോട് കൂടണ്ട "
അപ്പോളേക്കും ഇന്റെര്‍വല്‍ കഴിഞ്ഞു ഉള്ള ബെല്‍ അടിച്ചു, അവന്‍ സ്കൂള്‍ വിടുന്നതും കാത്തിരുന്നു.
സ്കൂള്‍ വിട്ടു, കുട്ടികള്‍ ഇറങ്ങുവാന്‍ തുടങ്ങി, അവന്‍ സഞ്ചി നിവര്‍ത്തി നോക്കി
നല്ല വലിപ്പം! നല്ല ഭംഗിയും ഉണ്ട് ! ആര്‍ത്തിയോടെ പുസ്തകങ്ങള്‍ അതില്‍ കുത്തിനിറച്ചു, ചോറുംപത്രവും കുത്തിക്കയറ്റി , ഭിക്ഷക്കാരന്റെ ഭാണ്ഡം പോലെ അത് വീര്‍ത്തുനിന്നു.
സഞ്ചിയും തോളില്‍ത്തൂക്കി അവന്‍ നടന്നു, അവനെയും കാത്തു ചേച്ചി ഗേറ്റിനരുകില്‍ നില്പുണ്ടായിരുന്നു.
"ഏതാ കൃഷ്ണ ഈ സഞ്ചി ?"
"എനിക്ക് ടീച്ചര്‍ തന്നതാ !" അഭിമാനത്തോടെ അവന്‍ പറഞ്ഞു
"ഏത് ടീച്ചര്‍ ? എന്നാത്തിനു തന്നതാ? "
"എന്റെ ക്ലാസ്സ്‌ ടീച്ചര്‍ "
"ചുമ്മാ തരുവോ? "വിശ്വാസം വരാത്ത രീതിയില്‍ ചേച്ചി അവനെ നോക്കി
"ചുമ്മാതല്ല! ഓണപരീക്ഷക്ക്‌  ഞാനാ ക്ലാസ്സില്‍ ഫസ്റ്റ് ! " ഞെളിഞ്ഞുക്കൊണ്ട്  അവന്‍ പറഞ്ഞു , പ്രോഗ്രസ്സ് കാര്‍ഡു എടുക്കുവാന്‍ അവന്‍ സഞ്ചി തുറന്നു,
"വേണ്ട  വീട്ടില്‍ ചെന്നിട്ടു എടുക്കാം "
"ഉം.."
"താടാ മോനെ സഞ്ചി ഞാന്‍ പിടിയ്കാം "
"വേണ്ട ഞാന്‍ പിടിച്ചോളാം,  ചേച്ചി താഴെയിടും "
  "എന്നും ഞാനല്ലേട നിന്റെ ബുക്ക് ചൊമക്കുന്നെ ?"
"അത് എനിക്ക്  സഞ്ചി ഇല്ലാത്ത കൊണ്ടല്ലേ ?"
"ഇനി ഇതു ചോമാക്കാനെന്നും പറഞ്ഞു എന്റെടുത്ത്  വന്നേക്കല്ലേ "
"ഇല്ല വരത്തില്ല "

അങ്ങനെ ഒന്നും രണ്ടും പറഞ്ഞു അവര്‍ നടന്നു വീട്ടില്‍ എത്തി, അമ്മയെ സഞ്ചി കാണിച്ചു, സഞ്ചി കിട്ടിയ കഥയും, സാബു നോക്കാന്‍ ചോദിച്ചിട്ട് കൊടുക്കാത്ത കഥയും എല്ലാം ഒറ്റശ്വാസത്തില്‍ പറഞ്ഞു കേള്‍പ്പിച്ചു. ആ അമ്മക്ക് ഒരുപാടു സന്തോഷം തോന്നി , ഈ ദാരിദ്ര്യ ജീവിതത്തിനു നടുവിലും തന്റെ കുട്ടികള്‍ നന്നായി പഠിക്കുന്നുണ്ടല്ലോ!
അച്ഛന്‍ വരാന്‍ ഒരുപാടു വൈകി, കാത്തിരുന്നു മടുത്തപ്പോള്‍ എപ്പോളോ  അവന്‍ ഉറങ്ങിപ്പോയി.


അന്നുമുതല്‍ ആ സഞ്ചി അവന്റെ ഉറ്റ കൂട്ടുകാരനായി മാറി

------
"കുഞ്ഞേ എന്നാ ആലോചിക്കുവ നീ " ഒരു തട്ട് കൊടുത്തുകൊണ്ട് അച്ഛന്‍ ചോദിച്ചു
അവന്‍ അച്ഛനെ നോക്കി, കഞ്ഞി കുടിക്കുവാന്‍ കണ്ണുകൊണ്ട് അയാള്‍ ആങ്ങ്യം കാട്ടി, പ്ലാവിലയില്‍ കുമ്പിള്‍ കുത്തി  ഉണ്ടാക്കിയ സ്പൂണില്‍ അവന്‍ കഞ്ഞി വാരിക്കുടിച്ചു. 
പുറത്തു മഴയ്ക്ക് ശക്തി  കൂടി വരുന്നു, കാറ്റ് അഞ്ഞുവീശുവാന്‍ തുടങ്ങി, വീടിന്റെ മേല്ക്കുരയിലെ ഒന്നുരണ്ടു ഷീറ്റുകള്‍ ഇളകുവാന്‍  തുടങ്ങി,  ടപ, ടപ എന്ന ശബ്ദത്തോടെ, പെട്ടന്ന് അവ ഓരോന്നായി മേല്‍ക്കുരയില്‍ നിന്നും  വേര്‍പെട്ടു കാറ്റിന്റെ ഗതികൊത്തു സഞ്ചരിക്കുവാന്‍ തുടങ്ങി. ചാണകം മെഴുകിയ തറയില്‍ മഴത്തുള്ളികള്‍ പതിച്ചു.
"അയ്യോ എന്റെ പെര " അച്ഛന്‍ ചാടി എണിറ്റു
"നീ ആ പ്ലാസ്റ്റിക്‌ ഇങ്ങു എടുത്തേ " അമ്മയോടായി പറഞ്ഞു "പിള്ളാരേം കൊണ്ട് നീ അപ്പുറത്ത് പൊക്കോ "
തലയില്‍ പ്ലാസ്റ്റിക്‌ ഇട്ടുകൊണ്ട്‌ ഘോരമായി പെയ്യുന്ന മഴയിലേക്ക്‌ അയാള്‍ നടന്നു, പറന്നുപ്പോയ തന്റെ മേല്‍ക്കുര  തേടി,
ആ അമ്മ അവനെ എടുത്തു ഒക്കത്തുവെച്ചു ചേച്ചിയുടെ കയ്യില്‍പിടിച്ചു വീട്ടില്‍നിന്നു ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ആണ് തന്റെ സഞ്ചിയില്‍ മഴവെള്ളം വീഴുന്നത് അവന്‍ കണ്ടത്, അപ്പോളെക്കും   അത് നനഞ്ഞു  കുതിര്‍ന്നിരുന്നു.
"അമ്മ എന്റെ സഞ്ചി നനയുന്നു, അത് കീറും "
"പിന്നെ വന്നെടുക്കാട " അമ്മ അവനെ സമാധാനിപ്പിച്ചു.
"വേണ്ട എപ്പോ എടുത്തോണ്ട് പോകാം " അവന്‍ കരയുവാന്‍ തുടങ്ങി
അവന്റെ പ്രതിക്ഷേധം വകവെക്കാതെ അവര്‍ മക്കളെയുംക്കൊണ്ട്  വീടിനു പുറത്തേക്ക് ഇറങ്ങി, മേല്‍ക്കുര തകരുന്നതും മണ്‍കട്ടകള്‍  കൊണ്ടുണ്ടാക്കിയ നാല് ഭിത്തികളും ഇടിഞ്ഞു വീഴുന്നതും നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.
"അയ്യോ എന്റെ പെര പോയെ " - അവനെയും ഒക്കത്ത് വെച്ചുകൊണ്ട് ആ അമ്മ നിലവിളിച്ചു, ഘോരമായി പെയുന്ന മഴയില്‍ അത് അലിഞ്ഞു പോയി
ഇടിഞ്ഞു വീഴുന്ന മണ്‍കട്ടകള്‍ക്കിടയിലേക്ക്  തന്റെ സഞ്ചി മറയുന്നത് അവന്‍ കണ്ടു , അമ്മയുടെ ഒക്കത്തിരുന്നുകൊണ്ട്  അവന്‍ കുതറി
"അമ്മാ സഞ്ചി " അവന്‍ ഉച്ചത്തില്‍ അലറി കണ്ണുകള്‍ അണപൊട്ടി ഒഴുകി, തനിക്കു ഏറ്റവും പ്രിയപെട്ടതു അത് നഷ്ടമാകുന്നത് കണ്ടു ആ ഇളം മനസ്സ് പിടഞ്ഞു.
ആ നിലവിളികള്‍ക്കു മഴയെ ഭേദിക്കാനുള്ള ശക്തി ഉണ്ടായിരുനില്ല, ഒരു രാക്ഷസന്റെ സംഹാര താണ്ടവം പോലെ മഴ ആര്‍ത്തു അട്ടഹസിച്ചുകൊണ്ടിരുന്നു, മക്കളെയും കൊണ്ട്  അയല്‍പക്കത്തെ വീടിന്റെ തിണ്ണയിലേക്ക് അവര്‍ ഓടി
അപ്പോളും ആ അമ്മ കരയുനുണ്ടായിരുന്നു, പക്ഷേ! അവന്റെ കണ്ണുകള്‍ അപ്പോളും സഞ്ചിക്കുവേണ്ടി പരതികൊണ്ടിരുന്നു അതിന്റെ ഒരു ശകലം  പോലും കാണാന്‍ കഴിഞ്ഞില്ല, വീടിന്റെ തിണ്ണയില്‍ മക്കളെ നിര്‍ത്തിയിട്ടു വാതിലില്‍ തട്ടിവിളിച്ചു, താല്‍ക്കാലിക അഭയം കിട്ടി, അന്ന് രാത്രി അവര്‍ അവിടെ തങ്ങി.
"എന്റെ സഞ്ചി അതിന്റെ അടിയില്‍ കാണുമോ? " തിമിര്‍ത്തുപെയുന്ന മഴയിലേക്ക്‌ നോക്കിയിരിക്കുന്ന അച്ഛന്റെ മടിയില്‍ ഇരുന്നുകൊണ്ട് അവന്‍ ചോദിച്ചു,  അയാള്‍ മറുപടിയൊന്നും  പറഞ്ഞില്ല
"അപ്പാ! ..." നീരസത്തോടെ അവന്‍ വിളിച്ചു
"എന്നാകുട്ടാ  ?" തൊണ്ടയിലെ വിങ്ങല്‍ വിഴുങ്ങികൊണ്ട് അയാള്‍ ചോദിച്ചു
"എനിക്ക്  സ്കൂളിന്നു കിട്ടിയ സഞ്ചി ........."
"അത് നമുക്ക് നാളെ എടുക്കാം " മോനെ ചേര്‍ത്തു പിടിച്ചുകൊണ്ടു അയാള്‍ പറഞ്ഞു
മഴ തോര്‍ന്നു തുടങ്ങിയിരുന്നു, എപ്പോളോ അവന്‍ ഉറങ്ങി.

എന്തൊക്കയോ ശബ്ദങ്ങള്‍  ആരോക്കയോ സംസാരിക്കുന്നതും കേട്ടുകൊണ്ട് അവന്‍ എണിറ്റു. അപ്പോളേക്കും മഴ ജോലികള്‍ തീര്‍ത്ത്‌  മടങ്ങിയിരുന്നു, പുതച്ചിരുന്ന കമ്പിളി മാറ്റി അവന്‍ എഴുനേറ്റു വീടിരുന്ന സ്ഥലത്തെക്ക്   നടന്നു, ആരൊക്കയോ അവിടെ നില്‍പ്പുണ്ടായിരുന്നു, തകര്‍ന്നടിഞ്ഞ വീടിന്റെ ഇടയില്‍നിന്നും കിട്ടിയ അവശിഷ്ടങ്ങള്‍ പെറുക്കി എടുത്തുകൊണ്ടിരിക്കുന്ന അച്ഛനെയും  അമ്മയെയും അവന്‍ കണ്ടു, സഹായത്തിനും ആരോക്കയോ ഉണ്ട്,  പെറുക്കി കൂട്ടിവെച്ചിരിക്കുന്ന സാധനങ്ങള്‍ക്കിടയില്‍ തന്റെ സഞ്ചി തിരഞ്ഞു, അതില്‍ ഇല്ല ! തകര്‍ന്ന വീടിന്റെ ഇടയിലേക്ക് അവന്‍ നടന്നു
"അവടെങ്ങാനും പോയി ഇരിക്കട " - നിറകണ്ണുകളോടെ അമ്മ പറഞ്ഞു.
അവന്‍ അത്  ശ്രദ്ധിച്ചത് പോലുമില്ല, മണ്‍കട്ടകള്‍ പെറുക്കി മാറ്റിക്കൊണ്ടിരിക്കുന്ന അച്ഛന്റെ  അടുത്തേക്ക് അവന്‍ നടന്നു
"അപ്പാ സഞ്ചി കിട്ടിയോ? "
"ഇല്ല മോന്‍ അവടെങ്ങാനും പോയിരുന്നോ "
"സഞ്ചി എടുത്തുതന്നാ ഞാന്‍ പോകാം "
"നിന്നോട് അങ്ങോട്ട്‌ പോകാന്‍ അല്ലെ പറഞ്ഞെ " അയാള്‍ ദേഷ്യപ്പെട്ടു .
അപ്പോളാണ് അവന്‍ അതുകണ്ടത് , സഞ്ചിയുടെ ഒരു ശകലം മണ്‍കട്ടകള്‍ക്കിടയില്‍ക്കൂടി പുറത്തേക്ക് തള്ളി നില്‍ക്കുന്നു, അവന്‍  മുന്നോട്ടാഞ്ഞു അതില്‍ പിടിച്ചു വലിച്ചു, കൈകള്‍ വഴുതി , അവന്‍ പുറകോട്ടു വീണു
"നിന്നോട് പറഞ്ഞാല്‍ മനസ്സിലകത്തില്ല അല്ലെ ?"  അച്ഛന്റെ ശകാരം
"കണ്ടോ എന്റെ സഞ്ചി " -
അതിനു മുകളില്‍  കിടന്ന മണ്‍കട്ട എടുത്തുമാറ്റി  അതെടുക്കാന്‍ അച്ഛന്‍  സഹായിച്ചു, പക്ഷേ അതുവരെ കത്തിരികാനുള്ള ക്ഷമ അവനുണ്ടായിരുനില്ല, വീണ്ടും അവന്‍ അതില്‍പ്പിടിച്ചു ബലമായി വലിച്ചു , ആ മല്‍പ്പിടുത്തത്തില്‍ മണ്‍കട്ട ജയിച്ചു, സഞ്ചി രണ്ടായി കീറി, ഒരു ശകലം മാത്രം അവനു കിട്ടി, ഒരു നിമിഷം  അവന്‍ നിശബ്ദനായി  നിന്നു,
'ഇതു കൊള്ളത്തില്ല കീറിപ്പോകും ' സാബുവിന്റെ വാക്കുകള്‍ ആരോ ഏറ്റുപറയുന്നപോലെ അവനു തോന്നി,
ഓര്‍മയില്‍ നിന്നു ഉണര്‍ന്നപോലെ അവന്‍ ആ തുണി കഷ്ണത്തിലേക്ക്  നോക്കി, തന്റെ സഞ്ചി കീറിയിരിക്കുന്നു, അവന്റെ മുഖം ചുവന്നു, ചെവികള്‍ ചൂടായി, നെഞ്ഞിടിപ്പ്‌ കൂടി, സഞ്ചിയുടെ ശകലം നോക്കി അവന്‍ വിങ്ങുവാന്‍ തുടങ്ങി.
"നിന്നോട് പറഞ്ഞതല്ലേ ഞാന്‍ എടുത്തുതരാമെന്നു ?" അച്ഛന്‍ ചോദിച്ചു
അതൊന്നും അവന്‍ ശ്രദ്ധിച്ചില്ല, അല്ലങ്കില്‍ അവനു അതിനു കഴിഞ്ഞില്ല!

മുറിഞ്ഞ ഓര്‍മകള്‍, മുറിഞ്ഞ ഒരു ഭാവി, അതുമല്ലെങ്കില്‍ രണ്ടായി മുറിഞ്ഞ ഒരു പിഞ്ചു ഹൃദയം, ഇതില്‍ എന്താണ് അവന്റെ കയ്യില്‍ ഇരിക്കുന്നത്  ? 
അതു നെഞ്ചോടു ചേര്‍ത്തു പിടിച്ചുകൊണ്ടു അവന്‍ തേങ്ങി, പക്ഷേ, ആ കണ്ണുനീര്‍  കാണാന്‍ കഴിഞ്ഞില്ല!, അപ്പോഴേക്കും  മഴ എത്തിയിരുന്നു.

4 comments:

PAAVAM PAYYANZ said...

he..he... Kollamedaa............ninte oru sanji........ iniyum ithupolathe srishtikal porateeee......

Biljo said...

hmmm kollam.... :)

ravichandran ayyappan said...

wish u all the best - mr.ravichandran,vandiperiyar, math educator in SC Dept of Edn,USA

Ayyappadhas said...

@ravichandran, thanks :)