Friday, December 30, 2011

മാഷെ.. പോവാം..


ര്‍ണിം.........................

കൈകള്‍ കൊണ്ട് ടൈംപീസ് തപ്പി, അതിന്‍റെ   തലയില്‍ ഒരു തട്ട്. മണിമുഴക്കം നിലച്ചു. കണ്ണുകള്‍ തിരുമ്മിക്കൊണ്ട് അയാള്‍ എണിറ്റു. കണ്ണാടി എടുത്തുവെച്ച് കാഴ്ചക്കു തെളിച്ചമേകി. തൊട്ടടുത്ത്‌ കിടക്കുന്ന ലക്ഷ്മിയമ്മയെ ഒന്നു നോക്കി, നല്ല ഉറക്കം.


അയാള്‍ എണിറ്റു മുറിക്കു പുറത്തേക്ക് നടന്നു,  എന്നും അഞ്ചു മണിക്ക് എഴുന്നേല്‍ക്കും . വര്‍ഷങ്ങളായുള്ള ശീലമാണ്.


മുഖം കഴുകി മുറ്റത്തേക്ക് ഇറങ്ങും, ചില്ലറ യോഗാഭ്യാസങ്ങള്‍ ഒക്കെ നടത്തും, കുറച്ചു സമയം ധ്യാനിക്കും. അടുത്ത പ്രധാന ജോലി എന്ന്  പറയുന്നത് പ്ലാവില നുള്ളലാണ്. ഈര്‍ക്കിലി കൊണ്ട് കുത്തിയെടുക്കും, ഈര്‍ക്കിലില്‍ കോര്‍ത്തപ്പോലെ തെങ്ങിന്‍ ചുവട്ടില്‍ ഉപേക്ഷിക്കും, എന്നിട്ട് തൊടിയിലേക്ക്‌ ഒറ്റ നടത്തമാണ്. അടര്‍ന്നു വീണ അടയ്ക്കകള്‍, തേങ്ങ എല്ലാം പെറുക്കിക്കൂട്ടും. താന്‍ നട്ടുവളര്‍ത്തിയ തന്‍റെ ചെടികളോടു കുശലം പറയും. അവയ്ക്ക് വെള്ളവും വളവും നല്‍കും.

തൊടി മുഴുവന്‍ നടന്നു കഴിയുമ്പോള്‍ നേരം ഇമ്മിണി ആയിട്ടുണ്ടാവും, ഏകദേശം എട്ട്.  മടങ്ങി വരുമ്പോള്‍ ഒരു കിണ്ടി വെള്ളം ഉമ്മറപ്പടിയില്‍ ഉണ്ടാവണം, അതു പണ്ടേ ശട്ടം കെട്ടിയിട്ടുള്ളതാണ്, ലക്ഷ്മിയമ്മ അതു മുടക്കാറില്ല.

അന്നും പതിവുപോലെ ഉമ്മരപ്പടിയിലെത്തി കിണ്ടിയിലെ വെള്ളം കൊണ്ട് കാലുകള്‍ കഴുകി. കോലായിലെ ചാരുകസേരയിലിരുന്നു പത്രം നിവര്‍ത്തി നോക്കി.

"ലക്ഷ്മിയെ,..." എന്ന് നീട്ടിയൊരു വിളി.
അപ്പോളേക്കും ചായയുമായി ലക്ഷ്മിയമ്മ എത്തിയിരുന്നു, എന്നും പതിവുള്ളതാണല്ലോ?

പിന്നെ, പത്രം വായന, ചായകുടി, കുളി ഇതാണ് ക്രമം. ഒരിക്കലും അതു തെറ്റാതെ അയാള്‍ ശ്രേദ്ധിച്ചിരുന്നു.

കുളികഴിഞ്ഞു എത്തുമ്പോള്‍ ഇസ്തിരിയിട്ട കുപ്പായങ്ങള്‍ കട്ടിലില്‍ എടുത്തു വെച്ചിടുണ്ടാവും, അതും ലക്ഷ്മിയമ്മയുടെ പണിയാണ്.

അന്ന് കുളികഴിഞ്ഞു  എത്തിയപ്പോള്‍ ഇസ്തിരിയിട്ട് വെച്ച തുണികള്‍ കണ്ടില്ല.
"ലക്ഷ്മിയേ കുപ്പായം ഇസ്തിരിയിട്ട് കഴിഞ്ഞില്ലേ?" -- മറുപടിക്കായി അയാള്‍ കാതോര്‍ത്തു ! പക്ഷേ, മറുപടി കിട്ടിയില്ല !

"നിന്നെന്നയാ വിളിച്ചേ, കേട്ടില്ല എന്നുണ്ടോ? " ആ ചോദ്യത്തില്‍ അല്പം ശുണ്ടി കലര്‍ന്നിരുന്നു.
മൂക്കത്താണെ ശുണ്ടി.
"അല്ല, കുപ്പായം ഇട്ടോണ്ട് എവിടിയ്ക്കാ പോണേ? " - ചോദിച്ചും കൊണ്ട് ലക്ഷ്മിയമ്മ ആ മുറിയിലേക്ക് കടന്നു വന്നു. കയ്യില്‍ രണ്ടാമത്തെ ചായ അതും പതിവുള്ളതാ.

ആ ചോദ്യം അയാളെ ഒന്നു ഉലച്ചു!
"ശരിയാല്ലേ? എവിടെ പോകാനാ  " - നിര്‍വികാരത്തോടെ അയാള്‍ ചോദിച്ചു
"അതന്നയാ ഞാനും ചോദിക്കണത് ! " ചായ കൊടുത്തോണ്ട് ലക്ഷ്മിയമ്മ ചോദിച്ചു.

ചായ വാങ്ങി, എന്തോ ആലോചിച്ചുകൊണ്ട്‌ അയാള്‍ കട്ടിലില്‍  ഇരുന്നു

ലക്ഷ്മിയമ്മ രംഗത്തുനിന്ന് വിടവാങ്ങി അടുക്കളയില്‍ രംഗപ്രവേശം ചെയ്തു.

ഇസ്തിരിയിട്ട കുപ്പായവും ധരിച്ചു, കാപ്പികുടി കഴിഞ്ഞ്, തന്‍റെ കാലന്‍ കുടയും, കയ്യില്‍ ഒരു ബാഗുമായി സ്കൂളിലേക്ക് ഒരു നടത്തം. അതു ഇന്നലെ വരെ! എന്ന് മുതല്‍ അതില്ല!

മേശമേല്‍ ഇരിക്കുന്ന വാടിയ പൂച്ചെണ്ടും, പൂമാലയിലേക്കും അയാള്‍ നോക്കി.

"കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷക്കാലമായി നമ്മുടെ ഈ സ്കൂളിനുവേണ്ടി  വേണ്ടി അഹോരാത്രം അധ്വാനിച്ച ഒരു മികച്ച അധ്യപകനെയാണ് നമുക്ക് നാളെമുതല്‍ നഷ്ടമാവാന്‍ പോകുന്നത് ...." ദിവാകരന്‍ മാഷിന്‍റെ ആ പ്രസംഗം പ്രതിധ്വനി പോലെ കേട്ടു.

ഇന്ന് മുതല്‍ ദിനചര്യകളില്‍ പലതും ഇല്ലാതായിരിക്കുന്നു, സ്കൂളിലേക്കുള്ള നടത്തം, അസംബ്ലി, ചൂരലുമായി വരാന്തയിലൂടെ ഉള്ള കറക്കം, ഹെഡ്മാഷുടെ കസേരയില്‍ ഞെളിഞ്ഞുള്ള ഇരുപ്പ്, വൈകുനേരം  കുമാരന്‍ കൊണ്ടുവരുന്ന ചായ എല്ലാം ഇന്ന് മുതല്‍ ഇല്ല.

ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അയാളുടെ മനസ്സ് വിസമ്മതിച്ചു, പക്ഷേ ഉള്‍ക്കൊണ്ടേ  പറ്റു.
ഒരു മൂകത ആ മുറിയില്‍ തങ്ങി തളം കെട്ടി നിന്നു.

"മേശമേല്‍ ഭക്ഷണം എടുത്തു വെച്ചിടുണ്ട് " ലക്ഷ്മിയമ്മയുടെ ശബ്ദം, ഭക്ഷണം എടുത്തു വെച്ചിട്ട്  കുറച്ചു നേരമായിട്ടും ആളെ കാണാത്തകൊണ്ട് തിരക്കിയെതിയതാണ്.
"എന്താ കഴിക്കണില്ലേ ?  "
"ഹോ ! എനിക്ക് വേണ്ട "
"അതെന്തിയെ ഇപ്പോ വേണ്ടാത്തെ? "
"വിശക്കണില്ല!" ജന്നാലയില്‍ക്കൂടി വിദൂരതയിലേക്ക് നോക്കികൊണ്ട്‌ അയാള്‍ പറഞ്ഞു.
"മേശമേല് എടുത്തു വെച്ചിടുണ്ട് വിശക്കുമ്പോള്‍ കഴിച്ചോള്, ഇല്ലേല്‍ എന്നെ വിളിച്ച മതി. " എത്രയും പറഞ്ഞു ലക്ഷ്മിയമ്മ  വീണ്ടും  രംഗത്തുനിന്ന് വിടവാങ്ങി.

രാവിലെ ചെത്തും കഴിഞ്ഞു സൈക്കിളില്‍,  ബാഗും തൂക്കി സ്കൂളിലേക്ക് പോകുന്ന കുരുന്നുകള്‍, പി ഡബ്ലിയു ഡി യില്‍ ജോലിയുള്ള സതീശനും ഭാര്യയും , അങ്ങനെ രാവിലെ സ്കൂളിലേക്കുള്ള നടപ്പില്‍ കാണാറുള്ള ചില മുഖങ്ങള്‍, ചിലപ്പോള്‍ ഒരു ചിരി മാത്രമായി കടന്നു പോകും വല്ലപോളും ഒരു സംസാരവും.

"എല്ലാം മാറിന്നു വിചാരിക്കണ്ട. എണിറ്റു നടന്നോളു! "
"ഉം ..." അയാള്‍ ഒന്ന് മൂളി

എണിറ്റു വസ്ത്രങ്ങള്‍ മാറി, കാലന്‍  കുടയും ബാഗും എടുത്തു നടന്നു, ഉമ്മറപ്പടി കടന്നു മുറ്റം കഴിയാറായപ്പോഴേക്കും  ഒന്ന് തിരിഞ്ഞു നോക്കി, ഉമ്മറത്ത്‌ ആരെയും കണ്ടില്ല.

ഈ ഒറ്റയടിപാത  തീരുന്നിടത്ത് ടാര്‍ ഇട്ട റോഡാണ് അതില്‍ കൂടി കുറച്ചു നടന്നാല്‍  സ്കൂള്‍ എത്തും.

"അപ്പൊ ഇനിയെന്താ പരിപാടി "
"അങ്ങോട്ട്‌ നടക്കുക തന്നെ " മറുപടിയായി അയാള്‍   പറഞ്ഞു

"കുറെ ദൂരം ഉണ്ടല്ലോ "
"സാരല്ല്യ നടക്കാം! ശരീരത്തിന് തളര്ച്ചയൊന്നും വന്നിട്ടില്ല  "

"എന്നാല്‍ പോന്നോള്   "
"ഉം " അയാള്‍  നടത്തം തുടര്‍ന്നു.

"കുമാരന്‍ വരാന്‍ നേരമയിട്ടുണ്ടാവും അല്ലെ ? "
"അതെ, നീണ്ട ഒരു ചിരി ഉണ്ടാവും അവടെ മുഖത്ത് "

"ഉണ്ടാവും കാരണം അവനു ഇനിയും സമയം ഉണ്ടല്ലോ! അല്ലെ ? "
"ഉണ്ടാവും "

"വെയിലിനു നല്ല ചൂട് അല്ലെ "
"സാരല്ല്യ അത് ശീലായി "

"സ്കൂളില്‍  പോണ കുട്ട്യോളോ? "
"കുട്ട്യോള് വരാന്‍ സമയം അവണതെയുള്ളൂ"

"എന്തായാലും നമുക്ക് നടക്കാം "

റോഡിന്‍റെ ഇരു വശങ്ങളിലും  ആരോക്കയോ നില്‍ക്കുന്നപോലെ, എല്ലാവരും തന്നെ ശ്രദ്ധിക്കുന്നതായും  അയാള്‍ക്ക് തോന്നി. നടക്കുന്ന വഴിയില്‍ ആരോ വെളുത്തപൂക്കള്‍ നിരത്തിയിരിക്കുന്നു.

"അയ്യോ എന്‍റെ കാലുകള്‍ നഗ്നമാണ്‌ " അയാള്‍ പരിഭവിച്ചു.
"അതയോ?"
"അതെ "
"അതിനല്ലേ ഈ പൂക്കള്‍ "
"അവയെന്തു തെറ്റ് ചെയ്തു "
"തെറ്റുകളുടെ പുസ്തകം തുറക്കാറായില്ല"
"ങേ "
"സ്കൂള്‍ എത്താറായോ  "
"ഇല്ല ഇത്തിരി കൂടി നടക്കണം "
"എങ്കില്‍ ആയിക്കോട്ടെ  "

"ല്ല ഒരു സംശയം "
"എന്താ? ചോദിചൊളു "
"ഞാന്‍ എന്തിനു നിങ്ങളെ അനുഗമിക്കണം "
"അത് നിയോഗം അല്ലെങ്കില്‍ വിധി എന്നും പറയാം! എന്താ പാടില്ല എന്നുണ്ടോ ? "
"അങ്ങനെ ഉദ്ദേശിച്ചിട്ടില്ല "
"എന്നാല്‍ നടന്നോളു "
"ശരി അങ്ങനെ ആവട്ടെ " സംശയം ബാക്കിയാക്കി അയാള്‍ നടന്നു

"നിങ്ങള്‍ ആരാണ്? ഞാന്‍ എന്തിനു നിങ്ങളെ അനുഗമിക്കണം  " ഒരു നീണ്ട നിശബ്ധത ഭേദിച്ചുകൊണ്ട്  അയാള്‍ ചോദ്യം ആവര്‍ത്തിച്ചു.
"വിധി "
"ആയിരിക്കാം എങ്കിലും എന്‍റെ ചോദ്യത്തിനുള്ള മറുപടി ഇതാണോ "
"അതെ "
"പക്ഷെ അത് പൂര്‍ണമല്ലല്ലോ  " - അയാള്‍ ചൊടിച്ചു
"പൂര്‍ണ്ണ ഉത്തരം അറിയാമെങ്കില്‍ എന്തിനു ചോദ്യം ഉന്നയിക്കണം "
പിന്നീടു ഒന്നും ഉരിയാടാന്‍ അയാള്‍ക്ക് തോന്നിയില്ല. നടപ്പ് തുടരുക മാത്രം ചെയ്തു.

"ഇതല്ലേ സ്കൂള്‍ ?"
"അതെ "
"ഇവിടെയെങ്ങും ആരെയും കാണാനില്ലാലോ? "
"ആരും എത്തിയിട്ടുണ്ടാവില്ല "
"കാത്തിരിക്കണോ "
"അനുവദിച്ചാല്‍ നന്നായിരുന്നു "
"ആയികോട്ടേ, പക്ഷെ നമുക്ക് അധികം സമയമില്ല ഒരുപാട് സഞ്ചരിക്കുവനുണ്ട്   "

അയാള്‍ സ്കൂള്‍ ഗേറ്റ് കടന്നു അകത്തേക്ക് ചെന്നു. വിശാലമായ മൈതാനം നടുവിലായി ഒരു കൊടിമരം. എങ്ങും ആരെയും കാണില്ല പക്ഷെ എല്ലായിടത്തും  വെളുത്ത പുഷ്പങ്ങള്‍ തൂവിയിരിക്കുന്നു. ക്ലാസ്സ്‌ മുറികള്‍ എല്ലാം തുറന്നിട്ടിരിക്കുന്നു. അയാള്‍ ചുറ്റും  ഒന്ന് വീക്ഷിച്ചു.
 തനിക്കഭിമുഖമായി കാറ്റ് വീശുന്നപോലെ തോന്നി, കണ്ണുകളില്‍ ഇരുട്ട് കയറുന്നപോലെ! കേള്‍വി നശിച്ചു കൈകാലുകള്‍ കോച്ചി വിറച്ചു. ശരീരം തണുത്തു   മരവിക്കുന്നപോലെ തോന്നി.

"കിടന്നോളു  "
"ആരാ നിങ്ങള്‍? എന്തിനു നിങ്ങളെ അനുഗമിക്കണം "
"സംസാരിക്കണ്ട കിടന്നോളു, നമുക്ക് പോകാന്‍ സമയമായി   "

എന്തോ ഒരു ശബ്ദം  കേട്ട് ലക്ഷ്മിയമ്മ ഓടിയെത്തി. വാടിയ പൂച്ചെണ്ടും മാലയുമായി അതാ അയാള്‍ തറയില്‍ കിടക്കുന്നു. ലക്ഷ്മിയമ്മ വിളിച്ചു നോക്കി, അനക്കമില്ല. അവര്‍ തൊട്ടു നോക്കി, ശരീരം തണുത്തു  തുടങ്ങിയിരിക്കുന്നു,   അവര്‍ അലറി വിളിച്ചു മാഷ് ചെവിക്കൊണ്ടില്ല. പൊട്ടിക്കരഞ്ഞു. ആരൊക്കയോ ഓടിക്കൂടി.

"അപ്പോള്‍ യാത്ര തുടരാം അല്ലെ "
"ഉം " അയാള്‍ ഒന്ന് മൂളി.         

Sunday, August 28, 2011

കഴിയുന്നില്ല!!!

 പുറകോട്ടു നടക്കാന്‍ എനിക്ക് താല്പര്യമില്ല,
മുന്നോട്ടു പോകാന്‍ ഒരുപാട് കൊതിയും ഉണ്ട്.
എവിടേയോ എത്തി നില്‍ക്കുന്നു
പ്രത്യേകിച്ച് തടസ്സങ്ങള്‍ ഒന്നുമില്ല
എങ്കില്‍പോലും മുന്നോട്ടു
നീങ്ങാന്‍ കഴിയുനില്ല.
കാലുകള്‍ക്ക് തളര്ച്ചയില്ല,
ശരീരം മടുപ്പ് കാണിക്കുനില്ല,
മനസ്സും പുറകോട്ടല്ല.
എങ്കിലും മുന്നോട്ടു നീങ്ങാന്‍ കഴിയുന്നില്ല!!!!

Sunday, July 24, 2011

അവന്‍ - ഇവന്‍


അവന്‍ : എന്റെ ചോര തിളക്കുന്നു, ആ ഇസ്രയേല്‍ കാണിച്ച പണി കണ്ടോ?

ഇവന്‍ : എന്താ പ്രശ്നം ?

അവന്‍ : പിന്നെയും ബോംബ്‌ ഇട്ടു. ഇതു എങ്ങനെ വിട്ടാല്‍ പറ്റില്ല!.

ഇവന്‍ : ഞാന്‍ കരുതി വേറെ എന്തോ ആണെന്ന്.

അവന്‍ : അവരും മനുഷ്യരല്ലേ ടാ?

ഇവന്‍ : അതെ. അതെ.

അവന്‍ : ഇതിനെതിരെ പ്രതികരിക്കണം.


ഇവന്‍ : പിന്നെ വേണം വേണം, ടാ ആ കുമാരേട്ടന്റെ കാര്യം ഞാന്‍ പറഞ്ഞില്ലേ, പാവമാണ് സഹായിക്കാന്‍ ആരുമില്ല, സര്‍ക്കാര്‍ വക എന്തെങ്കിലും പറ്റുമെങ്കില്‍ മേടിച്ചു കൊടുക്കാമോ ?


അവന്‍ : ആ അയാളോ, അയാടെ മക്കളൊക്കെ ഇല്ലേ?


ഇവന്‍ : ഉണ്ട് അവരൊന്നും തിരിഞ്ഞു നോക്കാറില്ല!.


അവന്‍ : അയാളോട് പാര്‍ടി ഓഫിസിലേക്കു ഒന്ന് വരാന്‍ പറ നോക്കാം.


ഇവന്‍ : അയയ്ക്കു നടക്കാന്‍ പോലും വയ്യാത്ത ആള.


അവന്‍ : ഓ..........! ഇനി ഞാന്‍ അങ്ങോട്ട്‌ പോയി അയാളെ കാണണോ? നിനക്ക് വേറെ പണിയില്ലേ ?


ഇവന്‍ ; അയാളൊരു പാവമല്ലേ.


അവന്‍ : ആ നോക്കട്ടെ എന്തെങ്കിലും ചെയാന്‍ പറ്റുമോ എന്ന്, ഏതായാലും ഞാന്‍ ഇപ്പോ പോകുവാ, നാളത്തെ ഹര്ത്താലിന്റെ കുറച്ചു പോസ്ടരുകള്‍ ഉണ്ടാക്കണം, ഈ ഇസ്രയേല്‍ ഇഷ്യൂ എങ്ങനെവിട്ടല്‍ പാടില്ല


ഇവന്‍ : ടാ.. കുമാരേട്ടന്‍


അവന്‍ : ആ ആ നോക്കാം.


(അവന്‍ നടന്നു നീങ്ങി ഇവന്‍ നോക്കി നിന്നു..... )

Friday, May 6, 2011

ഒരു അട്ട എന്റെ ചോര

ഓടിയും നടന്നും മടുത്തു. ഈ കട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടുപോയി, ദിശ അറിയില്ല എങ്ങോട്ട് പോകണം ?
ശ്ശൊ, വന്ന വഴി മറന്നു! എങ്ങനെ തിരിച്ചു പോകും?. എന്തായാലും മുന്നോട്ടു നടക്കാം.
ഭൂമിക്കു നല്ല തണുപ്പ്, ഈര്‍പ്പം തങ്ങി നില്കുന്നു, തിങ്ങി നില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍ക്കൂടി ചോര്‍ന്നൊലിക്കുന്ന സൂര്യപ്രകാശം, ഭംഗിയുള്ള കാഴ്ചതന്നെ.
പക്ഷെ, അതല്ലോ എന്റെ പ്രശ്നം! എങ്ങനെ പുറത്തു കടക്കും?
പെട്ടന്ന് കാലില്‍ എന്തോ ഒരു തണുപ്പ്  തോന്നി , പാന്റ് തെറുത്തു കയറ്റി നോക്കി ഒരു അട്ട എന്റെ ചോര കുടിച്ചു വീര്‍ത്തിരിക്കുന്നു അവന്‍,
"ദ്രോഹി..." ഞാന്‍ അലറി, അത് കേട്ടിട്ടാവണം  അവന്‍ ഉരുണ്ടു താഴെ വീണു, സത്യം അതല്ല കുടിച്ചു മടുത്തപ്പോള്‍ അവന്‍ പിടി വിട്ടതാ!
തറയിലേക്കു നോക്കിയ ഞാന്‍  ഞെട്ടി എന്റെ ചുറ്റും തേരട്ടകള്‍, ഈര്‍ക്കിലിടെ അറ്റം മാത്രം ഓടിച്ചു മണ്ണില്‍ കുത്തിവെച്ചപോലെയുണ്ട്
പെട്ടന്ന് അവന്‍ വലുതാവുന്ന പോലെ തോന്നി, അവന്‍ മാത്രമല്ല ചുറ്റും ഉള്ളവരും വലുതാവുന്നു.
ദ്രോഹി എന്ന് വിളിച്ചതിന്  പകരം ചോദിയ്ക്കാന്‍ വരുന്നതാണോ ? തിരിഞ്ഞു ഓടാനായി പുറകോട്ടു നോക്കി ദേ അവിടെയും ഒരെണ്ണം,
ഇതു വലിയ തൊല്ല ആയല്ലോ ഈശ്വരാ ? വിയര്‍പ്പു അണപൊട്ടി ഒഴുകി, ഓടാന്‍ ശ്രമിച്ചു പറ്റിയില്ല ചുറ്റും അവറ്റകള്‍ എന്നെ വളഞ്ഞിരിക്കുന്നു,
നേതാവാണെന്ന് തോനുന്നു അവന്‍  എന്റെ അടുത്തേക്ക്  തല നീട്ടി, ചോദ്യം ചെയ്യാന്‍ എന്നാ മട്ടില്‍, എന്റെ ചെവിയില്‍ അവന്‍ അലറി..  
ടിക്ക് .. ടിക്ക് .. ടിക്ക് ..
ഞാന്‍ ഞെട്ടി എണിറ്റു, വിയര്‍ത്തു കുളിച്ചിരിക്കുന്നു..
അപ്പോളും അലാറം ചിലച്ചു കൊണ്ടിരുന്നു
ടിക്ക് .. ടിക്ക് .. ടിക്ക് ..
 

Monday, April 11, 2011

ഒരു യാത്ര.

കാലം അതിന്റെ വഴിയെ കടന്നു പോകുന്നു,
ഋതുക്കള്‍ മാറിമാറി വന്നു,
കോലങ്ങള്‍ പലതും കെട്ടിയാടി,
കനവുകള്‍ പൊലിഞ്ഞു,
പ്രിയമുള്ളതില്‍ ചിലത് നഷ്ടപെട്ടു,
നിനക്ക് നീ മാത്രമെന്ന സത്യം ഞാനറിയുന്നു,
ഇതൊരു യാത്ര മാത്രം,
ദേഹവും ദേഹിയും വേര്‍പെടുന്ന ആ നിമിഷത്തിലേക്ക്‌
ഒരു യാത്ര.  

Saturday, March 5, 2011

മുഖങ്ങള്‍


ഈ നടപ്പാതയില്‍ക്കൂടി ഒരുപാട് തവണ ഞാന്‍ നടന്നിട്ടുണ്ട്. പലപല  മുഖങ്ങള്‍ അതില്‍ പലതരം വികാരങ്ങള്‍, ആ മുഖങ്ങളെ ശ്രദ്ധിച്ചും ശ്രദ്ധിക്കാതെയും ഞാന്‍ കടന്നു പോകാറുണ്ട്, ഈ യാത്രയുടെ ദൂരം ഇന്നുവരെ അളന്നിട്ടില്ല അല്ലെങ്കില്‍ അതിന്‍റെ ആവശ്യം ഇന്നുവരെ ഉണ്ടായില്ല. 

പക്ഷേ, ഇന്നു കാണുന്ന മുഖങ്ങള്‍ക്കു ഒരുപാട് പ്രത്യേകതകള്‍ തോന്നി, കാരണം, ഞാന്‍ തിരയുകയാണ്! 

പലതരം മുഖങ്ങള്‍, ചിലത് വട്ടം, മറ്റു ചിലത് ചതുരം അങ്ങനെ നിരവധി. പക്ഷേ ആ മുഖം മാത്രം എനിക്ക് കണ്ടെത്താനായില്ല.

പ്രത്യേകതകള്‍ അല്ലേ? അതെ, അതുണ്ട്, പക്ഷേ എല്ലാറ്റിലും വികാരം ഒന്ന് മാത്രം, സന്തോഷം, 
"അതെന്താ?"  - ചോദിക്കണമെന്ന് എനിക്ക് തോന്നി, ചോദിച്ചില്ല !!

ഒരിറ്റു കണ്ണുനീര്‍ അതിനിടയില്‍ കണ്ടെങ്കില്‍ ഞാന്‍ സന്തോഷിക്കുമാരുന്നു! അത് ആനന്ദാശ്രുക്കള്‍ ആയിരുന്നുവെങ്കില്‍. എവിടെ കണ്ണുനീര്‍ ഞാന്‍ കണ്ടില്ല കാലം മായിച്ചു കളഞ്ഞതാവാം, ദയ, അനുകമ്പ, മാനുഷിക മൂല്യങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്ത ഈ ലോകത്ത് കണ്ണുനീര്‍ മാത്രം വേണമെന്ന് ശാട്യം പിടിക്കരുത്, അത് ശരിയല്ലലോ! 

എങ്കിലും ആ മുഖം എനിക്ക് കണ്ടെത്തണം, പളുങ്ക്  ഗോളങ്ങള്‍ക്കിടയില്‍ കൂടി ഒഴികി വരുന്ന നീരുറവകള്‍ ആ മുഖത്ത് ഉണ്ടാവും, പക്ഷെ  ഊറ്റു കുറവായിരിക്കാം, കാരണം അത് വറ്റി തുടങ്ങിയിട്ടുണ്ടാവണം, കാലങ്ങളോളം ഊറ്റിയതല്ലേ ?

ആ മുഖം .... അതെ ..... അതുതന്നല്ലേ ഞാന്‍ തേടിയ മുഖം? അതെ! അതെ!

ആ മുഖത്തു  നീര്‍ച്ചാലുകള്‍ പാടുകളായി  അവശേഷിക്കുന്നു , കവിളുകള്‍ ഒട്ടി, പളുങ്ക്  ഗോളങ്ങള്‍ അകത്തേക്ക് പോയിരിക്കുന്നു, അടുതെത്തുവാന്‍ ഞാന്‍ വെബ്ബി,  മുഖങ്ങള്‍ ഓരോന്നായി ഞാന്‍ തട്ടിമാറ്റി, അടുത്ത് എത്തുംതോറും അകലുന്നതായി  തോന്നി, എന്നാല്‍ കഴിയുന്ന വേഗതയും ഞാന്‍ ഓടി, അതാ അവിടെ കൈയെത്തും ദൂരത്തു ഉണ്ട് പക്ഷേ കരസ്ഥമാക്കാന്‍ ഇനിയും ഓടണം! അതെന്താ? 

വേനല്‍ചൂട് എന്നെ തളര്‍ത്തുന്നുവോ ? ഒരിറ്റു നീരിനായി എന്‍റെ കണ്ഠം കേഴുന്നുവോ? പാടില്ല, ശരീരത്തിന്‍റെ ബാലിശ്ശമായ തോന്നലുകള്‍ക്ക് അടിമപ്പെടാന്‍ പാടില്ല! എന്‍റെ ലക്‌ഷ്യം ആ മുഖമാണ്, അതിലേക്കു എത്തുക. കഴിയുന്നതും വേഗതയില്‍ ഞാന്‍ ഓടി, കാലുകള്‍ ആരോ പുറകോട്ടു വലിക്കുന്നതായി തോന്നി, ഓട്ടം പിന്നീടു  നടത്തമായി! അതിന്‍റെ താളം കുറഞ്ഞു വേച്ചു വേച്ചു ഇഴയേണ്ടി  വരുമോ? എങ്കിലും ആ മുഖം എനിക്ക് വേണം.
എന്‍റെ കാഴ്ച്ചകള്‍ മങ്ങുന്നു, 
"പാടില്ല, മങ്ങുവാന്‍ പാടില്ല! എത്രയും അടുത്ത് എത്തിയില്ലേ ? "

ആ മുഖം അവിടെത്തന്നെ നില്‍കുന്നു! എന്നെ കണ്ടിട്ടാവാം, ആയിരിക്കട്ടെ!
എത്തി, അടുത്ത് എത്തി, കൈകള്‍ നീട്ടി ഞാന്‍ തൊട്ടു, അതെ ഈ മുഖം തന്നെയാണ്, എന്‍റെ വരണ്ട തൊണ്ടയില്‍ നിന്നും വാക്കുകള്‍ പുറത്തു വന്നു 
" അമ്മേ ഈ മോനോട്  പൊറുക്കണം, 
വാ നമുക്ക് വീട്ടില്‍ പോകാം !  "